preload preload preload preload

2011, ഫെബ്രുവരി 9, ബുധനാഴ്‌ച

വാക്കുകളിലെ ശരിയും തെറ്റും

നാമൊക്കെ അറിയാതെ പല മലയാള വാക്കുകളും തെറ്റായി എഴുതുന്നു .തിരുത്താന്‍ വളരെ ചെറിയ ഒരു ശ്രമമാണിത് .പതിനഞ്ചു വാക്കുകളിലെ ശരി തെറ്റുകള്‍ മാത്രം പറയുന്നു1) അസ്തിവാരം: അസ്തിവാരം ആകുന്നു ശരി, അസ്ഥിവാരം അല്ല. അസ്തിവാരമെന്നാല്‍ അടിത്തറ.2) അപൂര്‍വം: മുന്‍പില്ലാത്തവിധം എന്നര്‍ഥം. 'വിരളം' എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാന്‍ പാടില്ല.3) ഉദ്‌ഘാടനം: ഉദ്‌ഘാടനമാണ് ശരി. ഉത്ഘാടനമോ, ഉല്‍ ഘാടനമോ അല്ല.4) ഉദ്ദേശം: ഏകദേശം എന്നര്‍ഥം. ഉദ്ദേശ്യം എന്നതിന് ലക്ഷ്യം എന്നും. ഉദാ: ഉദ്ദേശം അമ്പതുപേര്‍ ചര്‍ച്ചയി ല്‍ പങ്കെടുത്തു.5) ഉദ്ദേശ്യം: ലക്ഷ്യം എന്നര്‍ഥം. ഉദ്ദേശം എന്നതിന് ഏകദേശം എന്നും. ഉദാ: അവന്റെ ഉദ്ദേശ്യം വേറെയാണ്.6) ഐകകണ്ഠ്യേന: 'ഏകകണ്ഠഭാവം' ആണ് 'ഐകകണ്ഠ്യം'. അതായത് ഒരേ കണ്ഠം എന്ന ഭാവം. 'ഐകകണ്ഠ്യേന' എന്നാല്‍ 'ഒരേ കണ്ഠം എന്ന ഭാവത്തിലൂടെ', അതായത്, ഒരേ അഭിപ്രായത്തിലൂടെ. ഇവിടെ 'ഐക്യ'ത്തിന് ഒരു സ്ഥാനവും ഇല്ല. അതിനാല്‍ 'ഐക്യകണ്ഠ്യേന' എന്ന പ്രയോഗം തെറ്റ്. 'ഐകകണ്ഠ്യേന' ശരി.7) ഐകമത്യം - 'ഒരേ അഭിപ്രായം'. 'ഐക്യമത്യം' എന്ന പ്രയോഗം തെറ്റ്. ഐകമത്യം മഹാബലം8) ഐച്ഛികം - 'ഐച്ഛികം' എന്ന് എഴുതണം. 'ഐശ്ചികം' എന്നല്ല.9) ഐഹികം - 'ഐഹികം' ശരി. 'ഐഹീകം' എന്നെഴുതരുത്.10) ഗംഭീരം: ഗംഭീരം എന്നാല്‍ ആഴമുള്ളത് എന്നാണ് അര്‍ഥം. ആഴത്തെ സൂചിപ്പിക്കുന്ന 'ഗഹ്' എന്ന ധാതുവില്‍ നിന്നാണ് ആ പദത്തിന്റെ നിഷ്പത്തി. ആഴത്തെ സൂചിപ്പിക്കേണ്ട സന്ദര്‍ഭങ്ങളിലേ 'ഗംഭീരം', 'ഗാംഭീര്യം' എന്നിവ പ്രയോഗിക്കാവൂ. 'ഗംഭീരമായ സമുദ്രം' എന്ന് പറയാം, എന്നാല്‍ 'ഗംഭീരമായ പര്‍വതം' എന്ന് പറയുന്നത് അഭംഗിയാണ്. വിഷയത്തിന്റെ അഗാധതകളിലേക്ക് / ആഴങ്ങളിലേക്ക് ശ്രോതാക്കളെ നയിക്കുന്നതാണ് പ്രസംഗമെങ്കില്‍ 'ഗംഭീരമായ പ്രഭാഷണം' എന്ന് പറയാം.11) പ്രായപൂര്‍ത്തി: 'പ്രായപൂര്‍ത്തി തികഞ്ഞവര്‍ക്കെല്ലാം' തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കണം. പ്രായം തികയുന്നതാണ് പ്രായപൂര്‍ത്തി. അതിനാല്‍ , 'പ്രായപൂര്‍‌ത്തി ആയവര്‍ക്കെല്ലാം നമ്മുടെനാട്ടില്‍ വോട്ടവകാശമുണ്ട്' എന്നുമതി.12) ഭയങ്കരം: 'എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു', 'അതിഭയങ്കരമായ പ്രസംഗം' തുടങ്ങിയ പ്രയോഗങ്ങള്‍ ഇപ്പോള്‍ വ്യാപകമാണ്. ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ ആണെങ്കില്‍ മാത്രമേ ഭയങ്കരമായ എന്ന വിശേഷണം ചേരുകയുള്ളൂ.13) വൈതരണി: യമലോകത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് 'വൈതരണി' എന്നാണ് സങ്കല്പം. തരണം ചെയ്യാന്‍ - കടക്കാന്‍ - പ്രയാസമുള്ളത് എന്നര്‍ഥം. 'എല്ലാത്തരം വൈതരണികളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ട്' തുടങ്ങിയ പ്രയോഗങ്ങള്‍ കണ്ടാല്‍ തിരുത്തണം. 'വൈതരണി' നദിയാണെന്നതുതന്നെ കാരണം. ഇനി അല്ലെങ്കില്‍ ത്തന്നെ 'കടക്കാന്‍ പ്രയാസമുള്ളതിനെ' പൊട്ടിച്ചെറിയുകയ്യല്ലല്ലോ ചെയ്യേണ്ടത്.14) ഷഷ്ടിപൂര്‍ത്തി: അറുപത് വയസ്സ് തികഞ്ഞു എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുമ്പോള്‍ ഷഷ്ടിപൂര്‍ത്തി എന്നാണ് പ്രയോഗിക്കേണ്ടത്. 'ഷഷ്ഠിപൂര്‍ത്തി' എന്ന് പ്രയോഗിച്ചാല്‍ ആറുവയസ്സ് തികഞ്ഞു എന്ന് അര്‍ഥം വരും. ഷഷ്ടിപൂര്‍ത്തി തികഞ്ഞു എന്നും പ്രയോഗിക്കരുത്. അറുപതുവയസ്സ് തികയുന്നതാണ് ഷഷ്ടിപൂര്‍ത്തി.15) ചെമപ്പ്: ചുമപ്പ്, ചുവപ്പ്, ചൊകപ്പ്, ചോപ്പ് എന്നിങ്ങനെ വ്യത്യസ്തരൂപങ്ങളില്‍ ‍ സാഹിത്യകൃതികളില്‍ വന്നിട്ടുണ്ട്. ഇവയില്‍ ഒന്നുപോലും തെറ്റാണെന്നു പറഞ്ഞു ഗദ്യത്തില്‍ നിന്നോ പദ്യത്തില്‍ നിന്നോ നീക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നാല്‍ 'ചെമപ്പ്' ആണ് ശരിയായ രൂപം എന്ന് പറയാന്‍ സ്പഷ്ടമായ യുക്തിയുണ്ട്: ചെമ്മാനം (ചെം‌+മാനം), ചെങ്കൊടി (ചെം+കൊടി), ചെമ്മണ്ണ് (ചെം+മണ്ണ്), ചെന്താമര (ചെം+താമര) ഇങ്ങനെ പല വാക്കുകളുണ്ടല്ലോ. ഇവയിലെല്ലാം രക്തവര്‍ണത്തെ സൂചിപ്പിച്ചിരിക്കുന്നത് 'ചെം'കൊണ്ടാണ്. അതിനാല്‍ 'ചെമപ്പ്' തന്നെ ശരി എന്ന് സ്പഷ്ടം.

9 comments:

Noushad Vadakkel പറഞ്ഞു...

'ഭയങ്കരം' ഈ വിവരങ്ങള്‍ എന്ന് എഴുതുവാന്‍ തുടങ്ങിയപ്പോഴാണ് മുകളില്‍ പന്ത്രണ്ടാമത്തെ വാക്ക് ഓര്‍ത്തത്‌ ... ഇനീപ്പോ എന്ത് ചെയ്യും ....'അപാരം' എന്ന് എഴുതിയാല്‍ മാഷമ്മാര് ചൂരല്‍ എടുക്കുവോ ...;)

കൂതറHashimܓ പറഞ്ഞു...

ഇപ്പോ ഓര്‍മയിലുണ്ട് എല്ലാം
ആവശ്യം വരുമ്പോ മറന്ന് പോകും

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

ഹായ് കൂയ് പൂയ്!
ഉസാര്‍!
(ഉശാറാണ് ശരിയെന്നും പറഞ്ഞ് വന്നേക്കരുത്. ഇത് എന്റെ ശരിയാണ്!)

തുടരട്ടെ...


ഇനീപ്പൊ ഞാനായിട്ട് കുറയുന്നില്ല.
കെടക്കട്ടെ എന്റെ വക ഒന്ന്..

യാദൃശ്ചികമല്ല ശരി യാദൃച്ഛികമാണ്.

അല്ലേ മാഷേ...

mayflowers പറഞ്ഞു...

നന്നായി.
അക്ഷരത്തെറ്റുകള്‍ കാണുമ്പോള്‍ എത്ര നല്ല പോസ്റ്റാണെങ്കിലും വായനയുടെ സുഖം നഷ്ടപ്പെടുന്നു.

Naushu പറഞ്ഞു...

നന്നായി....

ആചാര്യന്‍ പറഞ്ഞു...

അലി ഭായി തന്നെ ഇത് പോസ്റ്റ് ചെയ്തു ആരംഭിച്ചതില്‍..അതിയായ സന്തോഷം ഉണ്ട്...ഇനിയും ആളുകള്‍ക്ക് പ്രയോച്ചനപ്രദമായ കാര്യങ്ങള്‍ എഴുതുമല്ലോ....

കണ്ണന്‍ | Kannan പറഞ്ഞു...

നല്ല വിവരങ്ങള്‍.. തുടരട്ടെ...!!

ANSAR ALI പറഞ്ഞു...

ഇത് ഞാന്‍ ഇന്നലെ എഴുതിയത് തന്നെ .ശരി വെച്ചിരിക്കുന്നു .കളി കാര്യമാകും എന്നറിഞ്ഞില്ല .എഴുത്ത് എനിക്ക് മനസ്സില്‍ കിടക്കുന്നത് അവിടെ നിന്ന് കളയാനുള്ള ഒരു മാര്‍ഗം മാത്രം ആണ് .എഴുതും. എവിടെയെങ്കിലുമൊക്കെ അങ്ങ് പ്രസിദ്ധീകരിക്കും .ബ്ലോഗാണോ ഗ്രൂപ്പാണോ എന്നൊന്നും നോക്കാറില്ല .ആരെങ്കിലും കട്ടു കൊണ്ടു പോയാലും പ്രശ്നമില്ല .ആരും വായിച്ചാലും ഇല്ലെങ്കിലും കമെന്റു നല്‍കിയാലും ഇല്ലെങ്കിലും നോ പ്രോബ്ലം .പ്രസിദ്ധീകരിക്കുന്നതോടെ ഞാന്‍ എന്‍റെ രചനയെ മൂന്നും ചൊല്ലല്‍ ആണ് പതിവ് .

Akbar പറഞ്ഞു...

വളരെ ഉപകാരപ്രദമായ പോസ്റ്റ്. ബ്ലോഗുഗളില്‍ അക്ഷരത്തെറ്റുകള്‍ ധാരാളം കടന്നു കൂടുമ്പോള്‍ ഇത്തരം കുറിപ്പുകള്‍ പലര്‍ക്കും ഉപകാരപ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ